കൊവിഡ് പ്രതിരോധം; ഇന്ത്യക്ക് ധനസഹായവുമായി അമേരിക്ക

ദില്ലി: ഇന്ത്യയെ കൊവിഡ് പ്രതിരോധത്തില്‍ പിന്തുണയ്ക്കാന്‍ ധനസഹായവുമായി അമേരിക്ക. 25 മില്ല്യണ്‍ യുഎസ് ഡോളര്‍ സഹായം ഇന്ത്യക്ക് നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഭീകരതയ്ക്ക് എതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. അഫ്ഗാന്‍ പ്രശ്‌നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാനില്‍ ജനാധിപത്യ പരിഹാരം വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് കൊവിഡ് പ്രതിരോധ സഹായം സംബന്ധിച്ച് ധാരണയായത് . ഇന്തോ-പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ പ്രവര്‍ത്തനം, വിസ വിഷയത്തിലെ ഇളവുകളും യോഗത്തില്‍ ചര്‍ച്ചയായി. നേരത്തെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യക്കാരും അമേരിക്കക്കാരും മനുഷ്യന്റെ അന്തസ്സിലും തുല്യതയിലും നിയമത്തിലും അടിസ്ഥാന സ്വാതന്ത്ര്യത്തിലും മതസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരാണെന്നും ഇന്ത്യയുമായി ആഴത്തിലുള്ള സഹകരണമാണ് ലക്ഷ്യമെന്നും ബ്ലിങ്കണ്‍ പറഞ്ഞു. ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ആന്റണി ബ്ലിങ്കന്റെ ആദ്യയാത്രയാണിത്.

 

Top