കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി മൗനം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധം, മുട്ടില്‍ മരംമുറി കേസ് എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി എല്ലാത്തിലും മൗനം തുടരുകയാണ്. ഒരു കാര്യവും ഗൗരവമായി കാണുന്നില്ലെന്നും സതീശന്‍ ആരോപിച്ചു. മുട്ടില്‍ മരംമുറി കേസില്‍ രാഷ്ട്രീയ യജമാനന്‍മാരുടെ കോടാലിയായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവെന്ന് കൂടുതല്‍ തെളിയുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറിയത് പ്രതിപക്ഷം ഈ വിഷയത്തില്‍ നിരന്തരം ആവശ്യം ഉന്നയിച്ചപ്പോഴാണ്. മരംമുറി കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതും പ്രതിപക്ഷം നിരന്തരം ആവശ്യം ഉന്നയിച്ച ശേഷമാണ്. കേസില്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് വനം മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടും രണ്ട് മാസത്തെ നടപടിക്രമങ്ങള്‍ കഴിഞ്ഞ ശേഷവും ഒരു നടപടിയും എടുക്കാതെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സതീശന്‍ ആരോപിച്ചു. ഉദ്യോഗസ്ഥരും പ്രതികളും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് സഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ സര്‍ക്കാരോ അനങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നടത്തുന്ന പരിശോധനകളില്‍ 75 ശതമാനവും ആന്റിജന്‍ ടെസ്റ്റുകളാണ്. ഇതിലൂടെ രോഗികളുടെ ശരിയായ നിര്‍ണയം നടക്കില്ല. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ കൂടുതല്‍ നടത്തിയാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും ഉയരുമെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

 

Top