കൊവിഡ് പ്രതിരോധം; ഓക്‌സിജന്‍ ജനറേറ്ററുകളുമായി മാരുതി സുസുക്കി

കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായ ഓക്‌സിജന്‍ ക്ഷാമത്തെ മറികടക്കാന്‍ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാണ ബ്രാന്‍ഡായ മാരുതി സുസുക്കി ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മ്മിക്കുന്നു.

രാജ്യത്തെ ചെറുകിട ഓക്‌സിജന്‍ ജെനറേറ്റര്‍ നിര്‍മ്മാതാക്കളായ എയ്റോക്‌സ് നൈജന്‍, സാം ഗാസസ്, ഗാസ്‌കോണ്‍ എന്നീ കമ്പനികളുമായി ചേര്‍ന്നാണ് മാരുതിയുടെ പുതിയ സംരംഭം. കൂട്ടുകെട്ടിലൂടെ ഈ പ്ലാന്റുകളുടെ ഉത്പാദനശേഷി പത്ത് മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗ്ഗവ പറഞ്ഞു.

മേയില്‍ 70 പ്ലാന്‍ുകളും ജൂണില്‍ 150 പ്ലാന്റുകളും ഈ കമ്പനികളുമായി ചേര്‍ന്ന് മാരുതി സ്ഥാപിച്ച് നല്‍കും. 2020-21 വര്‍ഷത്തില്‍ കണക്കുകൂട്ടിയിരുന്ന ഇന്ത്യയിലെ മൊത്തം ഓക്‌സിജന്‍ പ്ലാന്റ് പ്രൊഡക്ഷനേക്കാള്‍ കൂടുതലാണിത്.

ഇതില്‍ ആദ്യത്തെ നാല് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റുകള്‍ ഡല്‍ഹി ഹരിയാന എന്‍സിആര്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാരുതിയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി സ്ഥാപിച്ച് കഴിഞ്ഞു. 20 പ്ലാന്റുകള്‍ കൂടി ഇത്തരത്തില്‍ പൂര്‍ണമായും സൗജന്യമായി മാരുതി നല്‍കും.

ഇത്തരത്തിലുള്ള പ്ലാന്റുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ട്രാന്‍സ്‌പോട്ടിങ്ങിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുകയും കുറഞ്ഞ ചിലവില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം ആദ്യം മാരുതി അഹമ്മദാബാദിലെ സിതാപുരില്‍ തുറന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പൂര്‍ണ്ണമായി കൊവിഡ് കെയര്‍ സെന്റര്‍ അയി മാറ്റിയിരുന്നു.

ആധുനിക ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തെ ആദ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആണിത്. പൂര്‍ണ്ണമായും മാരുതിയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ആശുപത്രിയുടെ നടത്തിപ്പ് സൈഡസ് ഹോസ്പിറ്റല്‍ ശൃംഘലയാണ് നിര്‍വ്വഹിക്കുന്നത്.

 

Top