കോവിഡ് പ്രതിരോധം; തീരദേശത്ത് പ്രത്യേക ആരോഗ്യ കര്‍മപദ്ധതികള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി തീരദേശത്ത് പ്രത്യേക ആരോഗ്യ കര്‍മപദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാതല തീരദേശ ഹെല്‍ത്ത് ബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി.

ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി രോഗനിയന്ത്രണ നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ തീരദേശ ആരോഗ്യ കര്‍മസേന രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് നിര്‍ദേശം.

ജില്ലാ തല ആരോഗ്യ ബോര്‍ഡില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായിരിക്കും. ജില്ലയിലെ ജനപ്രതിനിധികളും പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സമിതിയില്‍ അംഗങ്ങളായിരിക്കും. അവരായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

തീരദേശ മേഖലയില്‍ കോവിഡ് പരിശോധന ചികിത്സയും കൂടുതലായി നടത്തുകയാണ് കര്‍മപദ്ധതിയുടെ ലക്ഷ്യം. അതത് തീരദേശ മേഖലകളിലെ അവസ്ഥയനുസരിച്ച് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നിര്‍ദേശമുണ്ട്. കൂടാതെ, കൂടുതല്‍ ചികിത്സാ സൗകര്യങ്ങളും റിവേഴ്സ് ക്വാറന്റീന്‍ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കുന്നതും സമിതിയുടെ ചുമതലയായിരിക്കും.

Top