കോവിഡ് പ്രതിരോധം; സര്‍ക്കാരിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നല്‍കാമെന്ന് യു.ഡി.എഫിലെ ഘടകകക്ഷികളും അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി കെ.പി.സി.സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാറിന്റെ എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കും. വെറുതെ ബഡായി അടിക്കുന്നവരായി സര്‍ക്കാര്‍ മാറരുത്. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍ക്കാര്‍ വിശ്വാസിത്തിലെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കണം. വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുളള പണം വകയിരുത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു.

ഒന്നിച്ചുള്ള പോരാട്ടത്തിന് ഇറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ. ജനങ്ങളെല്ലാവരും കോവിഡിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top