കൊവിഡ്; രവി ശാസ്ത്രിക്ക് മാഞ്ചസ്റ്റര്‍ ടെസ്റ്റ് നഷ്ടമാകും

ഓവല്‍: കൊവിഡ് ഐസൊലേഷനില്‍ തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബര്‍ 10ന് ആരംഭിക്കുന്ന അവസാന ടെസ്റ്റ് നഷ്ടമാകും.

ശാസ്ത്രി 14 ദിവസം ഐസൊലേഷനില്‍ തുടരുമെന്നും രണ്ട് നെഗറ്റീവ് ഫലങ്ങള്‍ വന്നാല്‍ മാത്രമേ സ്‌ക്വാഡിനൊപ്പം ചേരാന്‍ കഴിയുകയുള്ളൂ എന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മാത്രം മുമ്പാണ് രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ് സ്ഥിതീകരിച്ചതായി ബിസിസിഐ അറിയിച്ചത്. ശാസ്ത്രിക്കൊപ്പം മുന്‍കരുതലായി ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ടീം ഹോട്ടലില്‍ ഐസൊലേഷനിലാക്കിയതായി ബിസിസിഐ വ്യക്തമാക്കി.

എന്നാല്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ട് ലാറ്ററെല്‍ ഫ്‌ലോ ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ടീമിലെ മറ്റംഗങ്ങള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാനായി.

 

Top