കൊവിഡ് റാണി പരാമര്‍ശം സ്ത്രീയുടെ ആത്മവീര്യം കെടുത്തുന്നത്; മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാന്‍ പരാതി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ആരോഗ്യമന്ത്രിക്കെതാരിയ നടത്തിയ കൊവിഡ് റാണി എന്ന പദപ്രയോഗം സ്ത്രീയുടെ ആത്മവീര്യം കെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

സ്ത്രീത്വത്തെ മനപ്പൂര്‍വ്വം കളങ്കപ്പെടുത്താനാണ് മുല്ലപ്പള്ളി മൂന്നു വട്ടം പരാമര്‍ശം നടത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് വനിതാ വിഭാഗം വഞ്ചിയൂര്‍ യൂണിറ്റ് കണ്‍വീനര്‍ അഡ്വ.സരിതയാണ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.

നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഇതേ തുടര്‍ന്ന് മുല്ലപ്പള്ളിക്കെതിരെയുണ്ടായത്.

പ്രസ്താവനയ്ക്ക് പിന്നാലെ നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും, നിപയെ അതിജീവിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അജന്യയും മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്തതാണ് വിവാദത്തിന് കാരണമായതെന്നാണ് മുല്ലപ്പള്ളിയുടെ ന്യായീകരണം.

Top