കോവിഡ്; അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഖത്തര്‍

ദോഹ: കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തുന്നത്.

കൊവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയാമെന്ന് ഉറപ്പു നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കുകയും വേണം. ഈ സമയം യാത്രക്കാരന്റെ ഇഹ്തിറാസ് ആപ്പിലെ നിറം മഞ്ഞ ആയിരിക്കും. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം തെളിയും. ഇതോടെ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഫലം പോസിറ്റീവായാല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും.

Top