കോവിഡ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി; കടബാധ്യത ജിഡിപിയുടെ 90 ശതമാനത്തിലേക്ക്

ന്യൂഡല്‍ഹി: കോവിഡിന് ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടബാധ്യത കുതിച്ചുയര്‍ന്നതായി രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം കഴിയുമ്പോഴേക്കും ആകെ കടബാധ്യത ജിഡിപിയുടെ 90 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. ധനകമ്മി 10 ശതമാനത്തിന് മുകളില്‍ തുടരുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണിലും വരുമാനം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ ആശ്രയിച്ചത് കടമെടുപ്പിനെയാണ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പരമാവധി കടമെടുപ്പ് തുടരുമ്പോള്‍ 2021-22 സാമ്പത്തിക വര്‍ഷം കഴിയുമ്പോഴേക്കും ആകെ കടബാധ്യത ജിഡിപിയുടെ 90 ശതമാനമാകുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ കടം ജിഡിപിയുടെ 89.6 ശതമാനമായിരുന്നു. 2019-20ല്‍ ഇത് 74.1 ശതമാനം. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷം 69.7 ശതമാനവും. കേന്ദ്ര സര്‍ക്കാരിന്റെ മാത്രം കടബാധ്യത കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 58.8 ശതമാനമായിരുന്നു. 2019-20ല്‍ 57.6 ശതമാനവും.

കഴിഞ്ഞ ബജറ്റില്‍ 12.05 ലക്ഷം കോടി രൂപ കടമെടുക്കുമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. പിന്നീട് 1.58 ലക്ഷം കോടി രൂപ കൂടി അധികമായി കടം വാങ്ങാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ ആകെ വരുമാനവും ആകെ ചെലവും തമ്മിലുള്ള അന്തരമായ ധനകമ്മി 11 ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. 2019-20ല്‍ ഇത് 7.4 ശതമാനം മാത്രമായിരുന്നു.

 

Top