കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ നടപടി

ദോഹ : ഖത്തറില്‍ കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച നൂറിലധികം പേര്‍ക്കെതിരെ നടപടി. മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ 89 പേരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങളില്‍ അനുവദനീയമായ യാത്രക്കാരിലും കൂടുതല്‍ പേരെ കയറ്റിയതിന് 14 പേര്‍ക്കെതിരെ നടപടിയെടുത്തു.

ഡ്രൈവറുള്‍പ്പെടെ നാലുപേര്‍ക്കാണ് വാഹനങ്ങളില്‍ യാത്ര ചെയ്യാനുള്ള അനുമതി നൽകിയിരുന്നത്. കുടുംബാംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. താമസസ്ഥലത്ത് നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് മെയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുക.

 

Top