കോവിഡ് ബാധ; ദി പ്രീസ്റ്റ് ഷൂട്ടിംഗ് നിർത്തിവെച്ചു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിർത്തിവച്ചു. ആദ്യ ഷെഡ്യൂൾ എറണാകുളത്തും കുട്ടിക്കാനത്തുമായി പൂർത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ഈ മാസം 19ന് കുട്ടിക്കാനത്ത് തുടങ്ങാനിരുന്നതാണ്. അപ്പോഴാണ് കോവിഡ് വില്ലനായി എത്തിയത്.

പതിനെട്ടിന് കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി എല്ലാവരും ലൊക്കേഷനിൽ എത്തണമെന്നായിരുന്നു നിർദ്ദേശം. ഫൈറ്റ് മാസ്റ്റേഴ്സ് അടക്കമുള്ളവർ ചെന്നൈയിൽ വച്ചും സാങ്കേതിക പ്രവർത്തകരും യൂണിറ്റ് അംഗങ്ങളും എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ വച്ചും പിസിആർ ടെസ്റ്റ് നടത്തി എറണാകുളത്ത് ഒത്തുകൂടിയിരുന്നു. പിന്നീട് അവിടെ നിന്നും ചിത്രത്തിന്റെ ലൊക്കേഷനായ കുട്ടിക്കാനത്തേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് കൂട്ടത്തിൽ നാല് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. യൂണിറ്റിലെ രണ്ട് തൊഴിലാളികൾക്കും രണ്ട് ഡ്രൈവർമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ തീരുമാനമാവുകയായിരുന്നു. മഞ്ജു വാര്യരും നിഖില വിമലുമാണ് സെക്കൻഡ് ഷേഡ്യൂളിൽ അഭിനയിക്കേണ്ടിയിരുന്ന താരങ്ങൾ.

ചിത്രത്തിൽ നായകനായി എത്തുന്ന മമ്മൂട്ടിയുടെ രംഗങ്ങൾ ആദ്യ ഷെഡ്യൂളിൽ തന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ സെപ്റ്റംബർ 29 ലേക്ക് റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സംവിധായകൻ ജോബിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മോഹനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Top