രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടുന്നു; തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കടുത്ത ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കര്‍ണ്ണാടകത്തിലും ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 45 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70977 ആയി. ആകെ മരണസംഖ്യ 911 ആയി.

ചെന്നൈയിലാണ് കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 3509 ല്‍ 1834 കേസും ചെന്നൈയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം 47650 ആയി. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി രോഗം സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം 97 ആയി. കര്‍ണാടകത്തില്‍ ഇന്ന് 442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേര്‍ മരിച്ചു. ഇതോടെ ആകെ കേസുകള്‍ 10560 ആയി. ഇതില്‍ 3716 പേര്‍ ചികിത്സയിലാണ്. 519 പേര്‍ ഇന്ന് ആശുപത്രി വിട്ടു.

മംഗളൂരു കസ്തൂര്‍ബാ ഹോസ്പിറ്റലിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍ക്കും ലക്ഷണങ്ങളില്ല. ഇവരെ ചികിത്സയ്ക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. ആശുപത്രി അണുവിമുക്തമാക്കും. ബെംഗളൂരു നഗരത്തില്‍ മാത്രം ഇന്ന് 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ അകെ രോഗികള്‍ 1791 ആണ്. മഹാരാഷ്ട്രയില്‍ ഇന്ന് 4841 പേരാണ് പോസിറ്റീവായത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ രോഗബാധിതര്‍ 147741. ഇന്ന് രോഗം മുക്തി നേടിയത് 3661 പേര്‍. ഇതു വരെ രോഗമുക്തി നേടിയത് 77453 പേര്‍. നിലവില്‍ 63342 പേര്‍ ചികിത്സയിലുണ്ട്.

ഡല്‍ഹിയില്‍ 24 മണിക്കൂറിന് ഇടയില്‍ 3390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്‍എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയുള്ളവര്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പാടാക്കി. ചികിത്സയുള്ളവരെ കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. ഇവിടെ കൊവിഡ് രോഗികള്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ എത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പിന്‍വലിച്ചു. ഇവിടുത്തെ പരിശോധനയ്ക്ക് ശേഷമേ നീരീക്ഷണത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്ന ഉത്തരവാണ് പിന്‍വലിച്ചത്.

Top