കൊവിഡ് രോഗികള്‍ കൂടുന്നു; സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നത തലയോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

വരും മാസങ്ങളില്‍ ചികിത്സ സൗകര്യങ്ങള്‍ കൂട്ടേണ്ടതിന്റെ ആവശ്യകത ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസഥാനത്തില്‍ അടിയന്തര രൂപരേഖ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ സാഹചര്യവും യോഗം വിലയിരുത്തി.

അതേസമയം, ഡല്‍ഹിയിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത്ഷാ നാളെ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. 36,000 ത്തില്‍ പരം രോഗബാധിതരാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. മരണ സംഖ്യ 1500 റോളമായി.

ഡല്‍ഹിയിലെ സ്ഥിതി വഷളാകുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ അമിത് ഷായെ നേരില്‍ കണ്ട് ആശങ്ക അറിയിച്ചിരുന്നെങ്കിലും കേന്ദ്രം പ്രതികരിച്ചിരുന്നില്ല. തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന് പിന്നാലെ മുതല്‍ വഷളായി തുടങ്ങിയ ഡല്‍ഹിയിലെ സാഹചര്യം ആശുപത്രികള്‍ നിറയുന്ന ഘട്ടം വരെ എത്തിയപ്പോഴും കേന്ദ്രം മൗനം തുടരുകയായിരുന്നു.

Top