രാജ്യത്ത് ദിനംപ്രതി കൊവിഡ് രോഗികള്‍ കൂടുന്നു; വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയാനായി സംസ്ഥാനങ്ങള്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ പത്തു ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

മണിപ്പൂര്‍ പതിനാല് ദിവസത്തേക്കാണ് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ നിലവില്‍ വരിക. രാജ്യത്ത് കൊവിഡ് രോഗികളില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. തലസ്ഥാനമായ ഡല്‍ഹിയില്‍ 24 മണിക്കൂറിന് ഇടയില്‍ 1227 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 29 പേര്‍ മരിച്ചു. നിലവില്‍ 14,954 രോഗികളാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. 3719 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരണത്തിന് കീഴടങ്ങിയത്.

അതേ സമയം കര്‍ണാടകത്തില്‍ കൊവിഡ് മരണം 1500 കടന്നു. ഇന്ന് 55 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1519 ആയി ഉയര്‍ന്നു.കര്‍ണാടകത്തില്‍ ഇന്ന് 4764 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ബംഗളുരുവില്‍ മാത്രം 2050 പേര്‍ക്ക് രോഗബാധയുണ്ടായി. ഇതോടെ ബംഗളുരുവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ ലക്ഷം കടന്ന് 27,969 ആയി. ആകെ 75833 രോഗികളാണ് സംസ്ഥാനത്തുളളത്. ഇതില്‍ 47069 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ 10,576 പുതിയ രോഗികളാണ് 24 മണിക്കൂറിനിടെയുണ്ടായത്. 3,37,607 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായി. 280 പേര്‍ കൂടി മരിച്ചതോടെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 12,556 ആയി.

Top