ആശങ്കയായി കോവിഡ് വ്യാപനം; രാജ്യത്ത് രോഗബാധിതര്‍ രണ്ടുലക്ഷത്തിനടുത്തേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിനടുത്തേയ്ക്ക്. ഒരു ദിവസത്തിനിടെ 8,380 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.24 മണിക്കൂറിനിടെ ഇത്രയധികം പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി ഉയര്‍ന്നു. നിലവില്‍ 89,995 പേരാണ് കോവിഡ് ചികിത്സയിലുളളത്. 86,983 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

ഇതുവരെ 5,164 പേരാണ് രോഗം ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.ഇതില്‍ 193 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പെട്ടത്.

രാജ്യത്ത് പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുകയും ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പുറത്ത് കടക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്ത ഘട്ടത്തില്‍ അതിവേഗതയിലാണ് കോവിഡ് വ്യാപിക്കുന്നത്.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 65168 ആയി. 2197 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ഗുജറാത്തിലും മരണം ആയിരംകടന്നു. 1007 പേരാണ് ഇവിടെ മരിച്ചത്. 16343 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ 21184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 160 പേരാണ് ഇവിടെ മരണപ്പെട്ടത്.

അതേസമയം കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെറോളജിക്കല്‍ സര്‍വ്വേ നടത്താനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം.

Top