ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍. സിലിണ്ടറുകളുടെ സുഗമമായ ലഭ്യത ഉറപ്പുവരുത്താനുള്ള ഈ സംവിധാനം നടപ്പാക്കാന്‍ വിവിധ ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.

ഓക്‌സിജന്‍ ആവശ്യമുള്ളവര്‍ https://delhi.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയോടൊപ്പം ആധാര്‍, കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സി.ടി-സ്‌കാന്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിക്കണം.

ഓക്‌സിജനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കാനും യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയോടെ ഇ-പാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ ജില്ലാ അധികാരികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചവര്‍ക്ക് എപ്പോള്‍, എവിടെ, ഏത് സമയത്ത്, ഏത് ഡിപ്പോയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഇ-പാസ് ജില്ലാ മജിസ്ട്രേറ്റില്‍നിന്ന് ലഭിക്കും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.

Top