ഇനി കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം;പ്രത്യേക സൗകര്യമൊരുക്കുമെന്ന് സർക്കാർ

തിരുവനന്തപുരം : കോവിഡ് രോഗികൾക്ക് വോട്ടു ചെയ്യാൻ നിയമമായി. ഇത് സംബന്ധിച്ച സർക്കാർ വിജഞാപനം പുറത്തിറക്കി. കോവിഡ് രോഗികൾക്ക് മാത്രമല്ല നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതൽ ആറു വരെയുള്ള സമയത്തിൽ ഒരു മണിക്കൂർ ഇതിന് പ്രത്യേക സൗകര്യമൊരുക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത് കഴിഞ്ഞ ദിവസമാണ്. വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കോവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം.

കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓർഡിനൻസിൽ പറഞ്ഞിരിക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളിൽ കോവിഡ് ബാധിച്ചവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഇതിനായി സർക്കാർ ഏർപ്പെടുത്തും. കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നു.

Top