ശസ്ത്രക്രിയക്കെത്തിയ രോഗിക്ക് കൊവിഡ്; കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം അടച്ചു

കണ്ണൂര്‍: അസ്ഥിരോഗ ശസ്ത്രക്രിയക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം പൂര്‍ണമായി അടച്ചു. സെക്ഷനിലെ ജീവനക്കാരും ഡോക്ടര്‍മാരും ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച ഡിഎസ്സി ജീവനക്കാരന്‍ ചികിത്സ തേടി എത്തിയതിനെ തുടര്‍ന്ന് ഓട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു.

അതേസമയം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്താതെ തിരികെ ജോലിയില്‍ പ്രവേശിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. 21 ആം ദിവസമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. 16ന് ജോലിയില്‍ തിരികെ പ്രവേശിച്ച ഇവര്‍ക്ക് ചൊവാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അഞ്ചരക്കണ്ടി ചികിത്സ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ക്വാറന്റീന് ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് തിരികെ ഡ്യൂട്ടിക്ക് പ്രവേശിച്ചത്. ഇവിടെ ഇവര്‍ രണ്ട് ദിവസം ഡ്യൂട്ടി ചെയ്തിരുന്നു. ഇവരോടൊപ്പം ക്വാറന്റീനില്‍ ആറ് ജീവനക്കാര്‍ കൂടി കഴിഞ്ഞിരുന്നു. പരിശോധനയില്‍ ഇവരില്‍ നാല് പേര്‍ക്ക് ഫലം നെഗറ്റീവാണ്.

Top