ഹാരിസിനോട് കാണിച്ചത് ക്രൂരത, ഏത് ഉന്നതനായാലും നടപടി വേണം

കേരളത്തെ ശരിക്കും ഞെട്ടിച്ച സംഭവമാണ് ഹാരിസിന്റെ മരണം. ഒരിക്കലും ഈ നാട്ടില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്നിരിക്കുന്നത്. കുറ്റക്കാരന്‍ ആര് തന്നെയായാലും കര്‍ശന നടപടിയാണ് ഇനി വേണ്ടത്. ഇക്കാര്യത്തില്‍ കൊലക്കുറ്റമാണ് ശരിക്കും ചുമത്തേണ്ടത്. കോവിഡ് ബാധിതനായി കളമശേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഹാരിസ് ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചിരിക്കുന്നത്. ഓക്‌സിജന്‍ നല്‍കിയിരുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഈ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നജ്മയുടെ വെളിപ്പെടുത്തല്‍ ഏറെ ഗുരുതരമാണ്. മുഖത്ത് മാസ്‌ക്കുണ്ടെങ്കിലും വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞതെന്നുമാണ് അവര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ അത് പ്രശ്‌നമാക്കരുതെന്ന് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ നജ്മ ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതീവ ഗുരുതരമായ സംഭവണിത്. ഇതേ കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകണം. ഏത് മുതിര്‍ന്ന ഡോക്ടര്‍ തെറ്റ് ചെയ്താലും നടപടിക്ക് വിധേയമാക്കണം. കളമശ്ശേരി സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഗതാര്‍ഹമാണ്. ഇവിടെ ഒരു നിയമ പരിരക്ഷക്കും കുറ്റക്കാര്‍ അര്‍ഹരല്ല. സമാന അനുഭവം തനിക്കും ഉണ്ടായെന്ന് ഒരു ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയതിനാല്‍ എന്താണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്ന് സമഗ്രമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.

ഹാരിസുമായി ബന്ധപ്പെട്ട കാര്യം പുറത്തു പറഞ്ഞ നഴ്‌സിങ് ഓഫിസര്‍ ജലജാദേവിക്കെതിരായ അച്ചക്കടനടപടിയും ആരോഗ്യ വകുപ്പ് ഉടന്‍ പിന്‍വലിക്കണം. കാരണം അവര്‍ പറഞ്ഞത് ശരിയാണെന്ന് ഒരു ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാലാണ് ഹാരിസ് മരണപ്പെട്ടതെന്ന നഴ്‌സിംങ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരുന്നത്. ഇവിടെ ശരിക്കും തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചത് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടുമാണ്. ഇവരെയാണ് ആദ്യം സസ്‌പെന്റ് ചെയ്യേണ്ടത്.

കുറ്റം ചെയ്തവരെയാണ് ശിക്ഷിക്കേണ്ടത്. അതല്ലാതെ പുറത്ത് പറഞ്ഞവരെ ആയിരിക്കരുത്. വീഴ്ച അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്ത ഡോക്ടര്‍മാരും കുറ്റക്കാര്‍ തന്നെയാണ്. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നാളെയും ഇത് ആവര്‍ത്തിക്കും. ഹാരിസ് ചികിത്സയിലിരിക്കെ വന്‍ തുക വരുന്ന ഉപകരണം ബന്ധുക്കളെ കൊണ്ട് വാങ്ങിപ്പിച്ചിട്ട് അത് ഉപയോഗിക്കാതിരുന്നതിനും വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്.

ജീവന്‍ രക്ഷിക്കാനാണ് ആശുപത്രികള്‍. അതൊരിക്കലും ജീവനെടുക്കുന്ന സ്ഥാപനമായി മാറരുത്. ആരോഗ്യരംഗത്തെ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിനാണ് ഈ സംഭവം അപമാനമായിരിക്കുന്നത്. രാപകല്‍ ഭേദമില്ലാതെ കോവിഡ് വ്യാപനത്തിനെതിരെ കഷ്ടപ്പെടുന്നവരാണ് ഇവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ക്ക് കൂടി അപമാനമാണ് ഈ സംഭവം.

Top