എറണാകുളത്ത് കൊവിഡ് ബാധ കൂടുന്നു; മാര്‍ക്കറ്റ് ഒരാഴ്ച്ചത്തേക്ക് കൂടി അടച്ചിടും

കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്ന് പുതിയതായി 16 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സമൂഹവ്യാപന സാധ്യതയില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. എറണാകുളം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും.

ചമ്പക്കര മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, വരാപ്പുഴ മാര്‍ക്കറ്റ് എന്നിവയെല്ലാം അടച്ചിടും. ഇത്തരത്തില്‍ ആളു കൂടുന്ന ഇടങ്ങളെല്ലാം അടച്ചിട്ടുകൊണ്ട് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തും. എന്നാല്‍ ജില്ലയിലാകെയോ കൊച്ചിയിലോ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ആലുവ നഗരസഭയിലെ 13 വാര്‍ഡുകളും ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗ നിരക്ക് കൂടി വരുന്ന ജില്ല എറണാകുളമായിരുന്നു. 100 സാമ്പിളുകള്‍ പരിശോധിച്ചാല്‍ 5.3 ശതമാനം ആളുകള്‍ പോസിറ്റീവ് ആകുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള പരിശോധനകളാണ് ഇവിടെ നടത്തിയത്. എന്തായാലും, ഇപ്പോഴിവിടെ കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കുറഞ്ഞിട്ടുണ്ട്.

Top