കോവിഡ്; ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടെന്ന് കരുതി ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപിക്കുന്നു എന്ന കാരണത്താല്‍ പരോള്‍ തടവുപുള്ളിയുടെ അവകാശം അല്ലെന്നും ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍. ഗവായി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അതേസമയം പരോളില്‍ കഴിയുന്ന തടവുകാരോട് തിരികെ ജയിലിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി 25ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അന്ന് കോവിഡ് സാഹചര്യം വിലയിരുത്തുമെന്നും തടവുകാരോട് കീഴടങ്ങാന്‍ ആവശ്യപ്പെടാമോ എന്ന് തീരുമാനിക്കുമെന്നും ജസ്റ്റീസ് ബി.ആര്‍. ഗവായി വ്യക്തമാക്കി.

കോവിഡ്, ഒമിക്രോണ്‍ വൈറസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തടവുപുള്ളികളുടെ പരോള്‍ സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജയിലില്‍ കഴിയുന്ന ചില തടവുപുള്ളികളുടെ ബന്ധുക്കള്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

Top