കോവിഡ്; ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിച്ച് ഉത്തരകൊറിയ

പോംഗ്യാംഗ്: ലോകത്താകമാനം പടര്‍ന്നു പിടിച്ച കോവിഡിനെ തുടര്‍ന്ന് ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിച്ച് ഉത്തരകൊറിയ. ചൈനയുമായുളള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കാന്‍ കിം ജോംഗ് ഉന്‍ തീരുമാനിച്ചു.

ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിക്കാണു രാജ്യം വിലക്കേര്‍പ്പെടുത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നൊന്നും ഉത്തരകൊറിയ കൂടുതലായി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ല. ഒക്ടോബറില്‍ ചൈനയില്‍ നിന്ന് 253,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്കു നടന്നത്. അതിനാല്‍ തന്നെ രാജ്യത്തു കടുത്ത ഭക്ഷ്യക്ഷാമത്തിനും ഇന്ധനക്ഷാമത്തിനും ഇടവരുത്തിയേക്കും.

ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്കു വിധേയനാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചതെന്നു ദക്ഷിണ കൊറിയ പറഞ്ഞു. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരകൊറിയ തീരുമാനിച്ചതായാണു റിപ്പോര്‍ട്ടുകള്‍.

Top