കൊവിഡ്; ഒമാനില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

മസ്‌ക്കറ്റ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാനില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ചു മണി മുതല്‍ രാവിലെ നാലു മണി വരെയാണ് കൊവിഡ് കാര്യങ്ങള്‍ക്കായുള്ള സുപ്രിം കമ്മിറ്റി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള മൂന്ന് ദിവസം പൂര്‍ണ ലോക്ക്ഡൗണായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും ജനങ്ങളും വാഹനങ്ങളും പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. അതേസമയം, വിമാന സര്‍വീസുകള്‍ കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ സമയത്തും സാധാരണ പോലെ തുടരുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു. എല്ലാ വിമാനങ്ങളും കൃത്യസമയം പാലിച്ചു തന്നെ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഒമാന്‍ എയര്‍ അധികൃതരും വ്യക്തമാക്കി.

വിമാനത്താവളങ്ങളിലേക്കുള്ള വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ യാത്രക്കാരുടെ കൂടെ ഒരാള്‍ മാത്രമേ വിമാനത്താവളത്തില്‍ എത്താവൂ. യാത്രക്കാര്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ രേഖകളുടെ പ്രിന്റ് ചെയ്ത കോപ്പി കൈയ്യില്‍ കരുതണം.

വിമാന യാത്രക്കാര്‍ അല്ലാത്തവര്‍ക്ക് കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ സമയങ്ങളില്‍ പുറത്തിറങ്ങണമെങ്കില്‍ 1099 നമ്പര്‍ റോയല്‍ ഒമാന്‍ പൊലീസിനെ വിളിച്ച് പ്രത്യേക അനുമതി എടുക്കണം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പരമ്പരാഗത പെരുന്നാള്‍ മാര്‍ക്കറ്റായ ഹബ്ത്ത മാര്‍ക്കറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കുടുംബ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിധ കൂടിച്ചരുലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 

Top