പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്;ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

കൊച്ചി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെ എം സി സിക്ക് വേണ്ടി ഷഹീര്‍ ആണ് ഹര്‍ജി നല്‍കിയത്. കേരളത്തിന് പുറത്ത് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടുന്നു.

ഇതേ ആവശ്യം ഉന്നയിച്ചു റെജി താഴ്മണ്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണയില്‍ ഉണ്ട്. എന്നാല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേ സമയം ആരോഗ്യനിരീക്ഷണത്തിന് ശേഷം മാത്രമാണ് വന്ദേഭാരത് ദൗത്യം വഴി പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്ന് കേന്ദ്രം പറയുന്നത്. പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. പക്ഷെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന ആവശ്യത്തില്‍ കൃത്യമായ മറുപടിയില്ല.

പരിശോധനക്ക് സൗകര്യം ഇല്ലാത്ത സൗദി,കുവൈറ്റ്, ബഹ്‌റിന്‍,ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കേരളം ഇടപെട്ട് ട്രൂ നാറ്റ് പരിശോധനാ കിറ്റ് ഏര്‍പ്പെടുത്തുമെന്നാണ് സംസ്ഥാനത്തിന്റെ പുതിയ വാഗ്ദാനം. പക്ഷെ വിമാനകമ്പനികളുടേയും എംബസ്സികളുടേയും കൂടി അനുവാദം വേണം. വന്ദേഭാരതില്‍ കേന്ദ്രം നിലവിലെ രീതി തന്നെ തുടരുമെന്ന സൂചന കിട്ടുമ്പോഴും ചാര്‍ട്ടര്‍ വിമാനത്തില്‍ വരുന്നവര്‍ക്കാകും പ്രതിസന്ധി.

Top