ഷൂട്ടിങ്ങിന് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട; ഉത്തരവ് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമ, സീരിയല്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. കേരള ടെലിവിഷന്‍ ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും വരുന്നവര്‍ക്കും രോഗ ലക്ഷണമുള്ളവര്‍ക്കും പിസിആര്‍ പരിശോധന നടത്തി അതിന്റെ ഫലം പ്രൊഡക്ഷന്‍ മാനേജര്‍ വഴി ആരോഗ്യ വകുപ്പിനെ അറിയിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. ഇതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ടിവി ചാനലുകള്‍ക്കും പ്രൊഡക്ഷന്‍ ഹൗസിനുമായിരിക്കും.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം ഷൂട്ടിങ് എന്നായിരുന്നു മുന്‍ ഉത്തരവ്. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. അതു പരിഗണിച്ചാണ് ഇളവു നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് സിനിമയ്ക്ക് അന്‍പതും സീരിയലിന് ഇരുപത്തിയഞ്ചും പേര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.

Top