ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ജീവനക്കാരന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കും. നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെ കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം വിലക്കിയിരുന്നു.

അതേസമയം, കര്‍ണാടകത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 33,418 ആയി. 13,836 പേര്‍ രോഗമുക്തരായി. 19,039 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 543 പേര്‍ രോഗം ബാധിച്ചു മരിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം എട്ടുലക്ഷം കടന്നു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. മരണം 22,123 ആയി. 519 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

Top