കോവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രം

ഡൽഹി: കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അവലോകന യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ നാളെ ചേരുന്ന യോഗത്തിൽ വിദഗ്ധർ പങ്കെടുക്കും.

ഇന്നലെ രാജ്യത്ത് 12,249 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളിൽ രണ്ടായിരത്തിലധികം പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 80,000 കടന്നിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത്.

ഇതിനോടകം തന്നെ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനം മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ ഉയരുന്നത് തടയാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതിയും നൽകിയിട്ടുണ്ട്.

Top