കൊവിഡ് വ്യാപനം അതിരൂക്ഷം; മഹാരാഷ്ട്ര ലോക്ക്ഡൗണിലേയ്ക്ക്

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. യവത്മാള്‍ ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അമരാവതിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണ്‍ ആയിരിക്കും. മുംബൈയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

രണ്ട് മാസമായി താഴ്ന്ന് കൊണ്ടിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഈ ആഴ്ച മുകളിലേക്കായിട്ടുണ്ട്. 75 ദിവസത്തിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു. അമരാവതി , യവത്മാള്‍, അകോള തുടങ്ങിയ ഇടങ്ങളില്‍ 500 ലേറെ പേരാണ് ദിവസവും രോഗികളാവുന്നത്.

ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ മേഖലകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. യവത്മാളില്‍ അടുത്ത പത്ത് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കില്ല. മതപരമായി കൂട്ടായ്മകളും വിലക്കി. വിവാഹത്തിന് 50 ല്‍ താഴെ മാത്രം ആളുകള്‍ക്കാണ് അനുമതി. യവത്മാളില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ നിശ്ചയിച്ചിരുന്ന മഹാപഞ്ചായത്തിനും അനുമതി നിഷേധിച്ചു.

അമരാവതിയില്‍ കച്ചവട സ്ഥാപനങ്ങള്‍ അടക്കം മൂന്ന് ദിവസത്തേക്ക് അടച്ചിടും. മുംബൈയില്‍ അഞ്ചില്‍ കൂടുതല്‍ രോഗികളുള്ള ഫ്‌ലാറ്റ് കെട്ടിടങ്ങള്‍ സീല്‍ ചെയ്യും. ഹോം ക്വാറന്റീന്‍ ചെയ്തവരുടെ കയ്യില്‍ സീല്‍ പതിപ്പിക്കും. സബര്‍ബന്‍ ട്രെയിനുകളില്‍ മാസ്‌ക് ധരിക്കാത്തവരെ പിടിക്കാന്‍ 300 പേരെ കോര്‍പ്പറേഷന്‍ നിയോഗിക്കും. കേരളത്തില്‍ നിന്നടക്കമുള്ള യാത്രക്കാര്‍ക്ക് കൊവിഡില്ലാ സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയിരുന്നു.

Top