ഇനിയും അനുസരണക്കേട് കാണിച്ചാല്‍, ജനങ്ങള്‍ വിവരമറിയുക തന്നെ ചെയ്യും

കൊലയാളി വൈറസിനെ ചെറുക്കാന്‍ അടച്ചു പൂട്ടിയുള്ള ചെറുത്ത് നില്‍പ്പാണ് കേരളവും ഇപ്പോള്‍ നടത്തുന്നത്. ഇത് അതിജീവനത്തിനായുള്ള നാടിന്റെ പോരാട്ടമാണ്. അതില്‍ വിജയിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ അനിവാര്യവുമാണ്. സര്‍ക്കാറിന്റെ പ്രതിരോധ സംവിധാനങ്ങളോട് ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ വലിയ നാശമാണുണ്ടാകുക. ചെറിയ പിഴവുകള്‍ പോലും വലിയ നാശമാണ് വരുത്തി വയ്ക്കുക. ലോക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരുവാന്‍ നമുക്ക് സാധിക്കും.

മേയ് എട്ട് മുതല്‍ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.’മരിക്കാതിരിക്കണമെങ്കില്‍, പുറത്തിറക്കാതെയിരിക്കുക ‘ എന്നതു മാത്രമാണ് ഏക പോംവഴി. കൊലയാളി വൈറസുകള്‍ ആരെ വേണമെങ്കിലും ഏത് നിമിഷവും ആക്രമിക്കും. അതാണ് നിലവിലെ അവസ്ഥ. മെയ് 5നു മാത്രം നാല്‍പതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് വീണ് മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇനിയും കേസുകള്‍ വര്‍ദ്ധിച്ചാല്‍ കേരളത്തിലും സമാന സാഹചര്യമാണുണ്ടാകുക. ആശങ്കപ്പെടുത്തുന്ന അവസ്ഥയാണിത്. കോവിഡ് മരണങ്ങള്‍ ഉയര്‍ന്നതോടെ കേരളത്തിലും ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

കൊവിഡ് 19ന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ ആശുപത്രികള്‍ മിക്കവാറും ഇതിനകം തന്നെ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തെമ്പാടുമായി ശരാശരി പതിനായിരത്തോളം കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തിലേക്ക് രോഗവ്യാപനം കടന്നതോടെ മെയ് ആദ്യ ആഴ്ചയില്‍ തന്നെ കേസുകള്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. മെയ് മാസം തുടക്കം തന്നെ ഇന്ത്യയില്‍ ഒറ്റ ദിവസം 4,00,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ആശുപത്രികളും നിറഞ്ഞു കവിഞ്ഞിരിക്കുന്നത്. ഓക്സിജനും വെന്റിലേറ്ററിനുമായി ജനം നെട്ടോട്ടം ഓടുന്ന കാഴ്ച അതിദയനീയമാണ്.

 

ചാനലിലൂടെ ഈ കാഴ്ച കണ്ട കേരളവും ജനി ശരിക്കും ഭയക്കുക തന്നെ വേണം. രോഗികള്‍ വര്‍ദ്ധിച്ചാല്‍ ഈ അവസ്ഥയിലേക്ക് കേരളവും ഉടന്‍ പോകും. അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കേരളം പ്രതിരോധക്കോട്ട കെട്ടിയിരിക്കുന്നത്. ഈ ‘കോട്ട’ ജനങ്ങളായിട്ട് പൊളിച്ചില്ലങ്കില്‍ കൊലയാളി വൈറസിനെ തുരത്താന്‍ ഇനിയും നമുക്ക് കഴിയും. അതേസമയം ഞെട്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണസംഖ്യ ജൂണ്‍ മാസത്തോടെ നാല് ലക്ഷം കവിയുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ മരണസംഖ്യ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയുടെ പഠനത്തിലും വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തിനുള്ള വലിയ മുന്നറിയിപ്പാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4, 12,784 പേര്‍ കൂടി പുതുതായി രോഗബാധിതരായിട്ടുണ്ട്. 3,980 പേരാണ് മരിച്ചിരിക്കുന്നത്. 35,66,398 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. മെയ് 6ന് കാലത്ത് പുറത്തു വന്ന കണക്കുകളാണിത്. ഇതിനു ശേഷം വന്ന കണക്കുകളും ഭീതിപ്പെടുത്തുന്നതാണ്. രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ കേരളമുള്ളത്. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം താമസിയാതെ തന്നെ എല്ലാം കൈവിട്ടുപോകും. അക്കാര്യവും മനസ്സിലാക്കുന്നത് നല്ലതാണ്.

 

Top