ടിക്കറ്റ് നിരക്ക് വര്‍ധന; ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം നേരിടുന്ന സ്വകാര്യ ബസ് ഉടമകളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.പഴയ നിരക്കില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കോ സ്വകാര്യ ബസുകള്‍ക്കോ സാധിക്കില്ല.നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും.എന്നാല്‍ ജനങ്ങള്‍ക്ക് ഇരട്ടിചാര്‍ജ് ഏര്‍പ്പെടുത്തണമോ എന്നത് സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. വേണ്ടി വരുമെന്നുതന്നെയാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര നിര്‍ദേശപ്രകാരമായിരിക്കും സംസ്ഥാനത്ത് പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുമ്പോള്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ ബസില്‍ അനുവദിക്കാനാകൂ. ആ നിലയ്ക്ക് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്കോ, സ്വകാര്യ ബസ് ഉടമകള്‍ക്കോ സാധ്യമല്ല.ഈ വിഷയം അവര്‍ പൊതുഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിശ്ചിതശതമാനം ജീവനക്കാര്‍ ഹാജരായിരിക്കണമെന്ന നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ യാത്രാ സൗകര്യം ഇല്ലാത്തതുകൊണ്ട് ഹാജരാകാന്‍ സാധിക്കുന്നില്ലെന്ന പ്രയാസം ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി പരിമിതമായ കേന്ദ്രങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ആ സര്‍വീസുകള്‍ക്ക് സെപ്ഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്.നിരക്കുവര്‍ധന കോവിഡ് കാലത്തേക്കു മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Top