സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ചുമതല ആരോഗ്യ വകുപ്പിന് കൈമാറി കേരള പൊലീസ്

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് ആരോഗ്യ വകുപ്പിന് കൈമാറുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് തീരുമാനമെന്നാണ് ഡിജിപി വിശദീകരിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന ഘട്ടത്തിലായിരുന്നു സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പൊലീസിന് ചുമതല നല്‍കിയിരുന്നത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് മൊബൈല്‍ ട്രേസിങ് അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കിയത് വിവാദമാവുകയും പിന്നീട് ഹൈക്കോടതി ഇടപെട്ട് തുടരാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

ചുമതല കൈമാറുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിനു വേണ്ട സഹായങ്ങള്‍ പൊലീസ് തന്നെ ചെയ്തു നല്‍കും. കൊവിഡ് ഡ്യൂട്ടി പൂര്‍ത്തിയാക്കി വരുന്ന പൊലീസുകാര്‍ സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ഹാജരാകാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top