കോവിഡ്; മുന്നണി പോരാളികള്‍ക്ക് ബോണസ് നല്‍കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിനു മുന്‍നിര പോരാളികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ലില്‍ കുവൈത്ത് പാര്‍ലമെന്റ് ഒപ്പുവെച്ചു. 600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നല്‍കാനായി വകയിരുത്തിയത്. അര്‍ഹരായവര്‍ക്ക് തന്നെയാണ് ബോണസ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബില്‍.

മൂന്ന് വിഭാഗങ്ങളായാണ് ജീവനക്കാരെ ഇതിനായി തിരിച്ചിരിക്കുന്നത്. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് കമ്മീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെയാണ് വിഭാഗിച്ചിരിക്കുന്നത്.

ഡോക്ടര്‍സ്, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് പുറമെ കോവിഡ് കാല സേവനങ്ങളില്‍ ഏര്‍പ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. കര്‍ഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാര്‍, സൈനികര്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.

കൂടാതെ ജോലിയുടെ ഭാഗമായി കോവിഡ് ബാധിച്ച് മരിച്ച കുവൈത്തികളെ രക്തസാക്ഷികളായി കണക്കാക്കും. മരണപ്പെട്ട വിദേശികളുടെ ആശ്രിതര്‍ക്ക് ശമ്പളത്തിന്റെ പത്തിരട്ടി നല്‍കുമെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു.

Top