കടകള്‍ രാവിലെ 7 മുതല്‍ 9 വരെ; ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. മരണ – വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ കടകളില്‍ പ്രവേശനം.

ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതല്‍ ഞായറാഴ്ചകളില്‍ മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കും.

പ്രദേശങ്ങളില്‍ ടിപിആര്‍ കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും മാറ്റം വരുത്തി. ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയില്‍ ആറു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

 

 

Top