മറ്റ് സംസ്ഥാനങ്ങളുമായി കോവിഡ് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി അതീവ ദയനീയമാണെന്ന്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി കോവിഡ് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി അതീവ ദയനീയമാണെന്ന് രാഷ്ട്രീയ വിമര്‍ശകന്‍ കെ.എം ഷാജഹാന്‍. കേരളത്തിലെ കോവിഡ് മരണനിരക്കിനെ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സ്വീഡന്റേതും കണക്കുമായി താരതമ്യം ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മൊത്തം പരിശോധനകള്‍, ടെസ്റ്റ് പെര്‍ മില്യണ്‍, രോഗമുക്തി നിരക്ക്, മരണ നിരക്ക്, രോഗസ്ഥിരീകരണ നിരക്ക് എന്നീ കണക്കുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും കെ.എം ഷാജഹാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ ചോദിച്ചു.

സ്ഥിതിഗതികള്‍ വളരെ ദയനീയവും പരിതാപകരവുമാകുമ്പോഴും യാതൊരു ബോധവുമില്ലാതെ സര്‍ക്കാരിന് അനുകൂലമായ കണക്കുകള്‍ മാത്രം എഴുതിക്കൊടുത്ത് ആരോഗ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ മുഖ്യമന്ത്രിയെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യനാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊട്ടക്കണക്കുകള്‍ എഴുതി നല്‍കി മുഖ്യമന്ത്രിയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കോമാളിയാക്കുന്ന ഡോ. മുഹമ്മദ് അഷീല്‍ എന്ന ഉപദേശകനെ ഉടനടി പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top