കോവിഡ് ; കാസര്‍കോട് സപ്ലൈകോ ഔട്ട്‌ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

കാസര്‍കോട്: സപ്ലൈകോ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റും ഓണചന്തയും അടച്ചുപൂട്ടി. ഓണമായതോടെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന ഈ രണ്ട് ഇടങ്ങള്‍ അടച്ചുപൂട്ടിയതോടെ സാധാരണക്കാര്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ നഗരം കേന്ദ്രീകരിച്ച് കൂടുതല്‍ ഓണചന്തകള്‍ തുടങ്ങണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള സപ്ലൈകോ ഔട്ട്‌ലെറ്റിലെ മാനേജര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ ഔട്ട്‌ലെറ്റ് പൂട്ടി 11 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് ആരംഭിച്ച ഓണചന്തയുടെ ചുമതല കോവിഡ് സ്ഥിരീകരിച്ച മാനേജര്‍ക്കായിരുന്നു. ഇത് കാരണം ഈ ഓണ ചന്തയും അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന 6 ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.

പുതിയ ബസ് സ്റ്റാന്റിലുള്ള ഒരു സപ്ലൈകോ ഔട്ട്‌ലെറ്റ് മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. കൂടുതല്‍ ഓണചന്തകള്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Top