കൊവിഡ് വ്യാപനം; ‘കടുവ’ ചിത്രീകരണം നിര്‍ത്തി

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. സംവിധായകന്‍ ഷാജി കൈലാസ് തന്നെയാണ് വിവരം അറിയിച്ചത്. സ്ഥിതിഗതികള്‍ അല്പം കൂടി മെച്ചപ്പെടുമ്പോള്‍ ചിത്രീകരണം പുനരാരംഭിക്കും എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ”കടുവ” സിനിമയുടെ ഷൂട്ടിംഗ് ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ഞങ്ങള്‍ ചിത്രീകരണം പുനരാരംഭിക്കും…. Stay safe… Stay Healthy….

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവ എന്ന ചിത്രത്തിന്. 2013-ല്‍ പ്രേക്ഷകരിലേക്കെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം നിര്‍വഹിച്ച മലയാള ചിത്രം. 2017-ല്‍ തമിഴില്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്‌സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി എത്തുമെന്ന് സൂചനയുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവയുടെ നിര്‍മാണം. യഥാര്‍ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് കടുവ. 2012-ല്‍ സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയിരുന്നു.

 

Top