ചെന്നൈ ടീമിന്റെ ബാറ്റിംഗ് പരിശീലകനും കൊവിഡ്

ചെന്നൈ: കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചുവെങ്കിലും ഐപിഎല്‍ ടീമുകളില്‍ നിന്നുള്ള കൊവിഡ് വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക് ഹസിക്കാണ് ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹസിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം ടീം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഹസിക്ക് ആദ്യ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും സാംപിള്‍ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണെന്നാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Top