രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന, മുന്നില്‍ കേരളം തന്നെ !

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 22,431 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാജ്യത്ത് 18,833 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളില്‍ 318 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,38,94,312 ആണ്. രാജ്യത്ത് ആകെ 4,49,856 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.

ആകെ രോഗം ബാധിച്ചവരില്‍ 0.72 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 97.95 ശതമാനമാണ്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.57 ശതമാനം മാത്രമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗബാധ സഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 12,616 പേര്‍ക്ക് കൂടിയാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറുകളില്‍ ആകെ 98,782 കൊവിഡ് ടെസ്റ്റുകളാണ് കേരളത്തില്‍ നടത്തിയത്.

Top