കൊവിഡ് രണ്ടാം തരംഗം: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്രം

കൊവിഡ് രണ്ടാം തരംഗത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയരിക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രം ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിടുണ്ട്.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി, നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണ നിരക്ക് കൂടിയ സ്ഥലങ്ങളില്‍ ആശുപത്രി സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

കേരളത്തില്‍ ഒരു ആഴ്ച്ചയില്‍ ശരാശരി 34,000 മുതല്‍ 42,000 വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ പ്രതിദിന കൊവിഡ് മുക്തി നിരക്കില്‍ കേരളം ഒന്നാമതാണ്. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ കേരളത്തിലെ ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

അതേ സമയം കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തിന്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുള്ളത്. ഇനിയും രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയനാകില്ല. കൂടുതല്‍ വിക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top