രാജ്യത്ത് ആശങ്ക സൃഷ്ടിച്ച് കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 24,850 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ആശങ്ക സൃഷ്ടിച്ച് രാജ്യത്ത് കോവിഡ് വ്യാപനം ദിനം പ്രതി വര്‍ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,73,165 ആയി. ഇതില്‍ 2,44,814 എണ്ണം സജീവ കേസുകളും 4,09,083 പേര്‍ രോഗമുക്തി നേടിവരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 613 പേര്‍ക്കാണ്. ഇതുവരെ 19268 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

ജൂലൈ നാലുവരെ 97,89,066 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 2,48,934 സാമ്പിളുകള്‍ പരിശോധിച്ചത് ശനിയാഴ്ചയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,00,064 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,08,082 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.നിലവില്‍ 83,311 സജീവ കേസുകളാണുള്ളത്. 8,671 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്.

അതേസമയം രാജ്യത്ത് കോവിഡ് ഗുരുതരമായി ബാധിച്ച മെട്രോ നഗരങ്ങളിലൊന്നായ ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്. ഒരു ഘട്ടത്തില്‍ നാല്‍പ്പത് ശതമാനത്തിനും താഴെ പോയ ഡല്‍ഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോള്‍ അറുപത് ശതമാനമായി ഉയര്‍ന്നു. 97,200 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 25,940 സജീവ കേസുകളാണ് നിലവിലുള്ളത്.68,256 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 3,004 പേരാണ് ഡല്‍ഹിയില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത്.

തമിഴ്നാട്ടില്‍ 1,07,001 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 60,592 പേര്‍ രോഗമുക്തി നേടി. 44,959 സജീവ കേസുകളാണുള്ളത്. 1,450 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

Top