വിന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ; ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മത്സരം മാറ്റിവച്ചത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിന്‍ഡീസിനെ 133 റണ്‍സിനു തകര്‍ത്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫിനാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരു ടീമുകളിലെയും താരങ്ങളെയും സപ്പൊര്‍ട്ട് സ്റ്റാഫിനെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. താരങ്ങളുടെയൊക്കെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാറ്റിവച്ച മത്സരം നടത്തുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്കു വേണ്ടി പേസര്‍ റൈലി മേരെഡിത്ത് അരങ്ങേറാനൊരുങ്ങുന്ന മത്സരമായിരുന്നു ഇത്. മഴ മൂലം 49 ഓവറായി ചുരുക്കിയ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് മാത്രമാണ് നേടിയത്.

മഴനിയമ പ്രകാരം 257 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് പുറത്തായി. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം നായകസ്ഥാനമേറ്റെടുത്ത അലക്സ് കാരിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

 

Top