കോവിഡ് ഇംപാക്ട്; സര്‍വേയില്‍ സര്‍ക്കാറിന് 72 ശതമാനത്തിന്റെ പിന്തുണ

കൊച്ചി: ന്യൂ ഏജ് സംഘടിപ്പിച്ച കോവിഡ് 19 ഇംപാക്ട് സര്‍വേയില്‍ സര്‍ക്കാരിന് ലഭിച്ചത് വന്‍ ജന പിന്തുണ. പ്രകടനം മോശമെന്ന് വിലയിരുത്തിയത് കേവലം ഒരു ശതമാനം മാത്രമാണ്.

സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേരും മികച്ച പ്രകടനമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27.4 ശതമാനം പത്തില്‍ പത്ത് മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. മൊത്തത്തില്‍ സര്‍ക്കാരിന് സര്‍വേ നല്‍കിയത് പത്തില്‍ 8 മാര്‍ക്കാണ്.

മുഖ്യമന്ത്രിയുടെയും, ആരോഗ്യമന്ത്രിയുടെയും പ്രതിഛായ കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നല്‍കിയത് പത്തില്‍ 7.46 മാര്‍ക്കാണ്. 25.2 ശതമാനം മുഴുവന്‍ മാര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്.
ആരോഗ്യമന്ത്രിക്ക് പത്തില്‍ പത്ത് നല്‍കിയത് 47.5 ശതമാനം പേരാണ്. ശൈലജ ടീച്ചര്‍ക്ക് ശരാശരി കിട്ടിയത് പത്തില്‍ ഒമ്പത് മാര്‍ക്കാണ്.

ഉദ്യോഗസ്ഥരില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നുഹാണ് താരമായത്. റൂട്ട്മാപ്പിലൂടെ കോവിഡിലെ കേരള മാതൃകയെ നയിച്ച കലക്ടര്‍ക്ക് 38 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ടോം ജോസ് (12%), കാസറഗോഡ് കലക്ടര്‍ ഡി. സജിത്ത് ബാബു (12%) എറണാകുളം കലക്ടര്‍ എസ് സുഹാസ് (5%), വയനാട് കലക്ടര്‍ അഭില അബ്ദുള്ള(4%) എന്നിവര്‍ക്കും പൊതുജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

മറ്റു ജനപ്രതിനിധികളില്‍ താരമായത് ശശി തരൂര്‍ എംപിയാണ്. 24 ശതമാനമാണ് തരൂരിനെ പിന്തുണച്ചിരിക്കുന്നത്. വീണ ജോര്‍ജ് എംഎല്‍എക്ക് 13 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. എറണാകുളം എംപി ഹൈബി ഈഡനെ 8 ശതമാനം പേര്‍ പിന്തുണച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന് ശരാശരി പാസ് മാര്‍ക്ക് പോലും ലഭിച്ചിട്ടില്ല. പകുതിയോളം പേര്‍ (49%) പ്രതിപക്ഷത്തിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ നന്നായെന്ന് അഭിപ്രായപ്പെട്ടത് 11 ശതമാനം മാത്രമാണ്. കോവിഡ് അന്താരാഷട്ര തലത്തില്‍ കേരളത്തിന്റെ പ്രതിഛായ ഉയര്‍ത്തിയെന്ന് 83 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധത്തെ പിന്തുണച്ച് ജനങ്ങളുടെ മനം കവര്‍ന്നത് ടാറ്റയാണ്. 24 ശതമാനത്തിന്റെ പിന്തുണയാണ് ടാറ്റയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കുടുംബശ്രീക്ക് കിട്ടിയത് 16 ശതമാനത്തിന്റെ പിന്തുണയാണ്. അതേസമയം സംഘടനകളുടെ റേറ്റിങ്ങില്‍ കുടുംബ ശ്രീ തന്നെയാണ് ഒന്നാമത്. 20 ശതമാനത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രകടനം ശരാശരിയെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 29 ശതമാനമാണ്. 55 ശതമാനവും ശരാശരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് ലഭിച്ച ആവറേജ് മാര്‍ക്ക് 5.63 ആണ്.
കേന്ദ്ര സാമ്പത്തിക പാക്കേജ് പോരെന്ന് 65 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 15% പിന്തുണയുമായി തിരുവനന്തപുരം ശ്രീചിത്രയാണ് മുന്നില്‍. റെയില്‍വെക്കും ആളുകള്‍ കയ്യടിച്ചിട്ടുണ്ട്. 12 ശതമാനമാണ് പിന്തുണച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്ത നടപടിക്കും പൊതു ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. 60 ശതമാനമാണ് അനുകൂലിച്ചത്. എതിര്‍ത്തത് 15 ശതമാനം മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും സ്പ്രിങ്ങ്ലര്‍ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. അഭിപ്രായം പറഞ്ഞവരില്‍ 32 ശതമാനം സര്‍ക്കാരിന് തെറ്റിയെന്ന് പറയുമ്പോള്‍, സര്‍ക്കാരിന് ഒപ്പം നിന്നത് 19ശതമാനമാണ്. ഡേറ്റ സ്വകാര്യതയില്‍ 43 ശതമാനത്തിനും ആശങ്കയുണ്ട്. പ്രശ്നമല്ലാത്തത് 15 ശതമാനത്തിന് മാത്രമാണ്.

പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റാന്‍ഡം അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തിയാണ് ന്യൂ ഏജ് കോവിഡ് 19 ഇമ്പാക്ട് സര്‍വേ നടത്തിയിരുന്നത്. സര്‍വേ ഫലങ്ങള്‍ ഇന്നലെ ന്യൂ ഏജിന്റെ വിവിധ ഡിജിറ്റല്‍, സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലൈവ് സ്ട്രീമിങ്ങില്‍ പ്രഖ്യാപിച്ചിരുന്നു.സര്‍വേയിലെ ഡാറ്റ വിശകലനം ചെയ്ത് തയ്യാറാക്കുന്ന വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ഇനി സമര്‍പ്പിക്കും.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ന്യൂഏജ് പര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍വേ നടത്തിയത്. മൂഡ് ഓഫ് ദി സ്റ്റേറ്റ് എന്ന് പേരിട്ട സര്‍വേയില്‍ 3280 സാമ്പിളുകളാണ് പരിശോധിച്ചത്.

Top