കൊവിഡ് വ്യാപനം; സൗജന്യ സര്‍വീസ് കാലാവധി നീട്ടി നല്‍കി ഹ്യുണ്ടേയ്

കൊറോണ വൈറസ് വ്യാപനം രൂക്ഷമാവുകയും കൊവിഡ്  മഹാമാരി പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും സൗജന്യ സര്‍വീസ്, വാറന്റി കാലാവധി ദീര്‍ഘിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളുമൊക്കെ പരിഗണിച്ച് സൗജന്യ സര്‍വീസിന്റയും വാറന്റിയുടെയും കാലാവധി രണ്ടു മാസത്തേക്കു ദീര്‍ഘിപ്പിക്കാനാണു കമ്പനിയുടെ തീരുമാനം.

കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗവും പരിഗണിച്ചു രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പലയിടത്തും കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണു വാഹന നിര്‍മാതാക്കളുടെ ഈ നടപടി.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കി കൊവിഡ് രോഗികളെ സഹായിക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചു വരുന്നതായി ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍(സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സര്‍വീസ്) തരുണ്‍ ഗാര്‍ഗ് അറിയിച്ചു. ഇതിനു പുറമെ വാഹന ഉടമകളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി വാറന്റി, എക്സ്റ്റന്‍ഡഡ് വാറന്റി, സൗജന്യ സര്‍വീസ് കാലാവധി രണ്ടു മാസം കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം എല്ലാ സമയത്തും ലഭ്യമാവുന്ന റോഡ് സൈഡ് അസിസ്റ്റന്‍സ് പദ്ധതിയിലൂടെ വാഹന ഉടമസ്ഥര്‍ക്ക് അടിയന്തിര സഹായം എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഗാര്‍ഗ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനവും കൊവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്നതും പരിഗണിച്ചു രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കളെല്ലാം സൗജന്യ സര്‍വീസ്, വാറന്റി ആനുകൂല്യങ്ങളുടെ കാലപരിധി ഇതിനോടകം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ്, കിയ മോട്ടോര്‍ ഇന്ത്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, എം ജി മോട്ടോര്‍ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റെനോ തുടങ്ങിയ കമ്പനികളെല്ലാം സൗജന്യ സര്‍വീസ് പൂര്‍ത്തിയാക്കാനുള്ള കാലയളവും വാറന്റി ആനുകൂല്യങ്ങള്‍ നേടാനുള്ള കാലപരിധിയുമൊക്കെ ദീര്‍ഘിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Top