സംസ്ഥാനത്ത് ഇന്ന് പത്ത് കോവിഡ് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ സംസ്ഥാനത്ത് ആകെ 116 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് 12 പേര്‍ക്കും കാസര്‍ഗോഡ് 10 പേര്‍ക്കും കണ്ണൂര്‍ 7 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 6 പേര്‍ക്കും പത്തനംതിട്ട,തിരുവനന്തപുരം ജില്ലകളില്‍ 4 പേര്‍ക്കും, മലപ്പുറം, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Top