കോവിഡ്: സൗജന്യ ചികിത്സ ലഭ്യമാക്കിയത് അര ലക്ഷത്തോളം രോഗികള്‍ക്ക്

തിരുവനന്തപുരം: കൊവിഡില്‍ ചികിത്സ തേടിയെത്തിയവര്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ചെലവാക്കിയത് 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രികളിലാണ് കൊവിഡ് രോഗികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയത്. ഇതിലൂടെ അരലക്ഷത്തോളംപേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി (എസ്എച്ച്എ) എംപാനല്‍ ചെയ്തത്.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്), കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതികള്‍ നടപ്പാക്കാന്‍ രജിസ്റ്റര്‍ചെയ്ത സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴാണ് ഈ നേട്ടം.

സംസ്ഥാനത്ത് ഇതുവരെ 709 സ്വകാര്യ ആശുപത്രിയിലാണ് എസ്എച്ച്എ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. മൂന്ന് ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്എച്ച്എ വഴി ലഭ്യമാണ്.

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നേരിട്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കി തുടങ്ങിയത് 2020 ജൂലൈ ഒന്നുമുതലാണ്. വര്‍ധിക്കുന്ന ചികിത്സാച്ചെലവ് പരിഹരിക്കാനുള്ള നിര്‍ണായക ചുവടുവയ്പായിരുന്നു ഇത്. ഇതിന് 2000ത്തോളം മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കുന്നു. രണ്ടുലക്ഷം രൂപയുടെവരെ ചികിത്സാ സഹായം എസ്എച്ച്എയിലൂടെ ലഭ്യമാകും.

വൃക്ക രോഗികള്‍ക്ക് മൂന്നുലക്ഷം രൂപവരെ അനുവദിക്കും. കോവിഡ് മഹാമാരിയിലും തടസ്സമില്ലാതെ ശ്രദ്ധേയസേവനം നല്‍കിയ എസ്എച്ച്എയുടെ ജീവനക്കാരെ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാര്‍ഡ് രജിസ്‌ട്രേഷന്‍മുതല്‍ ഡിസ്ചാര്‍ജുവരെ എല്ലാ സേവങ്ങളും എല്ലാ എംപാനല്‍ ആശുപത്രികളിലെയും ഹൈടെക് കിയോസ്‌കുകളില്‍ ലഭ്യമാണ്.

Top