കോവിഡ് ബാധ രൂക്ഷം; ചട്ടങ്ങളില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കോവിഡ് ബാധ രൂക്ഷമായി തുടര്‍ന്നതിനാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചട്ടങ്ങളില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതനുസരിച്ച് 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഇനി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.

80 വയസിന് മുകളിലുള്ളവര്‍ക്കും സ്വന്തം സംസ്ഥാനങ്ങളില്‍ ഇല്ലാത്തവര്‍ക്കും മാത്രമായിരുന്നു ഇതുവരെ പോസ്റ്റല്‍ ബാലറ്റ് സൗകര്യം. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാനാണ് തീരുമാനം. ഇനി മുതല്‍ 65 വയസ്സിനു മുകളില്‍ ഉള്ളവര്‍, കോവിഡ് സ്ഥിരീകരിച്ചവര്‍, കോവിഡ് സംശയിക്കുന്നവര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് കൂടി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തും.

65 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍,രക്തസമ്മര്‍ദമുള്ളവര്‍, വൃക്കസംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിയവര്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് തീരുമാനം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് നീക്കം. ബിഹാര്‍ നിയമസഭയുടെ കാലാവധി നവംബര്‍ 26നാണ് തീരുക. പെരുമാറ്റച്ചട്ടം സെപ്തംബര്‍ ആദ്യവാരവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top