കോവിഡ് വ്യാപനം; കേന്ദ്രസംഘം കേരളത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്.

കേരളത്തിനൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സംഘം അയച്ചത്. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകും.

സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കുള്ള സഹായം കേന്ദ്രസംഘം നല്‍കും. പരിശോധനകള്‍, രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ സംഘം വിലയിരുത്തും. ആദ്യഘട്ടത്തില്‍ രോഗനിയന്ത്രണം സാധ്യമായ കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.

Top