കോവിഡ് വ്യാപനം; ബംഗാളില്‍ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി മമത ബാനര്‍ജി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തത്കാലത്തേക്ക് ലോക്കല്‍ ട്രെയിനുകള്‍ നിറുത്തിവെക്കും.

വിമാനത്താവള അധികൃതരോട് ക്വാറന്റീന്‍ സൗകര്യം വിപുലപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ല. അടിയന്തരവും അത്യാവശ്യവുമായ സേവനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കും.

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ സംബന്ധിച്ചും വാക്‌സിന്‍ സ്ഥിതിഗതികളെക്കുറിച്ചും പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയതായി മമത സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ്, ഓക്സിജന്‍, വാക്സിനേഷന്‍ തുടങ്ങിയവയില്‍ സുതാര്യമായ നയം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

വിമാനങ്ങളിലും ട്രെയിനുകളിലും അന്തര്‍സംസ്ഥാന ബസുകളിലും വരുന്ന യാത്രക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാമൂഹികവും രാഷ്ട്രീയവുമായ കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രത്യേക അനുമതികളോടെ ചില സാമൂഹിക കൂടിച്ചേരലുകള്‍ക്ക് അനുമതിയുണ്ട്. ഇതില്‍ എണ്ണം നിയന്ത്രിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ പത്തു വരെയും വൈകീട്ട് അഞ്ചു മുതല്‍ ഏഴ് വരെയും പ്രവര്‍ത്തിക്കാം. ജ്വല്ലറികള്‍ക്ക് ഉച്ച മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.

 

Top