സംസ്ഥാനത്തെ കൊവിഡ് വ്യാപനം; കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍ ഇന്നും തുടരും

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടരും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്താനെത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.

അതേസമയം ഇന്നലെ ആലപ്പുഴയിലെത്തി കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത് ആശ്വാസകരമല്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ സംഘമാണ് മലപ്പുറത്ത് എത്തിയത്. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ സംഘം ശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ വ്യാപനത്തിനു തടയിടാന്‍ നിര്‍ദ്ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജും സംഘം സന്ദര്‍ശിച്ചു. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതിനാലാണ് കേന്ദ്രം സാഹചര്യം വിലയിരുത്താനായി സംഘത്തെ അയച്ചത്.

Top