കോവിഡ് വ്യാപനം, ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു; ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലേക്കാണ്് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡിനെ പിടിച്ചുകെട്ടാന്‍ ഇനി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരും. അങ്ങനെ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കി മാറ്റാന്‍ ഏറെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരണ നിരക്ക് കൂടുന്നതും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ മേഖലയിലെ പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്.

പബ്ബുകളുടെ പ്രവര്‍ത്തന സമയം ഉള്‍പ്പെടെ വെട്ടിക്കുറച്ച് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളും പ്രാദേശികമായ ലോക്ക്ഡൗണുകളും പ്രഖ്യാപിച്ചു. അതിനു ശേഷവും കോവിഡ് നിരക്ക് ഉയരുന്നതിനാലാണ് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് ബ്രിട്ടീഷ് ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നത്.

രാജ്യത്ത് ഇതുവരെ 453,264 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 20 മണിക്കൂറിനിടെ 7,108 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72 പേര്‍ മരണമടയുകയും ചെയ്തു.

Top